പ്രത്യക്ഷ നികുതി ചട്ടം ആദായനികുതി സ്ലാബുകളിലോ നിരക്കുകളിലോ മാറ്റമുണ്ടാക്കില്ലെന്ന് റിപ്പോര്‍ട്ട്. പകരം പുതിയ ചട്ടം ആദായനികുതി അടയ്ക്കലിന്റെ സങ്കീര്‍ണ്ണതയും പ്രശ്‌നങ്ങളും കുറയ്ക്കും. അരനൂറ്റാണ്ടോളം പഴക്കമുള്ള ആദായനികുതി നിയമങ്ങളില്‍ ഭേദഗതി വരുത്തി നിയമം കൂടുതല്‍ വ്യക്തവും നികുതിദായകന് കൂടുതല്‍ അനുകൂലവും ആക്കി മാറ്റുകയാണ് ലക്ഷ്യം.
നികുതി നിരക്കുകള്‍ കുറയ്ക്കുകയോ ടാക്‌സ് സ്ലാബില്‍ മാറ്റം വരുത്തുകയോ അല്ല ലക്ഷ്യമെന്നും അതൊക്കെ നയപരമായ തീരുമാനങ്ങളാണെന്നും ധനകാര്യമന്ത്രാലയത്തില്‍ നിന്നുള്ള പ്രതിനിധി വ്യക്തമാക്കിയിരുന്നു. ഇതോടെ സമീപകാലത്തെങ്ങും നികുതി നിരക്കുകളില്‍ കുറവുണ്ടാകാനിടയില്ലെന്ന് വ്യക്തമായിക്കഴിഞ്ഞു. വ്യക്തിഗത ആദായനികുതി ഇന്ത്യയില്‍ ഇപ്പോള്‍ത്തന്നെ കുറവാണെന്ന സമീപനമാണുള്ളത്. പല വികസിത രാജ്യങ്ങളിലും വ്യക്തിഗത ആദായനികുതി 35-40 ശതമാനത്തോളമാണത്രെ.
പുതിയ ചട്ടം നിലനില്‍ വരുന്നതോടെ നികുതി സംബന്ധമായ കേസുകളും തര്‍ക്കങ്ങളും കുന്നുകൂടുന്നതിന് വലിയൊരു അളവില്‍ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷ. വ്യവഹാരങ്ങള്‍ക്ക് ഇടനല്‍കാതെ നികുതി നിയമം പുതിയ ബിസിനസ് മോഡലുകള്‍ക്കും യോജിച്ചതാക്കാനും ലക്ഷ്യമിടുന്നു.
50 വര്‍ഷം പഴക്കമുള്ള ആദായനികുതി നിയമത്തെ പൊളിച്ചെഴുതുന്നതായിരിക്കും പുതിയ നിയമം. ഇതിനായുള്ള ആറംഗ സമിതി 2017 നവംബറിലാണ് രൂപീകരിച്ചത്. എന്നാല്‍ സമിതിയുടെ കണ്‍വീനര്‍ സെപ്റ്റംബറില്‍ വിരമിച്ചതോടെ ചില അനിശ്ചിതാവസ്ഥയുണ്ടായി. പുതിയ കണ്‍വീനറായി അഖിലേഷ് രഞ്ജനെ കഴിഞ്ഞ ആഴ്ചയാണ് നിയമിച്ചത്. പുതിയ പ്രത്യക്ഷ നികുതി നിയമത്തിന്റെ കരട് ഫെബ്രുവരി അവസാനത്തോടെ സമര്‍പ്പിക്കും. 2019 ലോകസഭാ തെരഞ്ഞെടുപ്പിന് മുമ്പ് പുതിയ കരട് അവതരിപ്പിക്കാനുള്ള തിരക്കിട്ട നീക്കങ്ങളാണ് നടക്കുന്നത്.